Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇതുവരെയുള്ള അന്വേഷണ വിശദാംശങ്ങൾ പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ഹൈക്കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്പോഴാണ് എസ്ഐടി റിപ്പോർട്ട് സമർപ്പിക്കുക.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് എംപി എന്നിവരെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയാണ് പ്രത്യേക അന്വേഷണ സംഘം കോടതിക്ക് കൈമാറുക. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്‍.
ശബരിമല ശ്രീകോവിലിന് മുന്നിലെ സ്വർണപ്പാളികൾ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികൾ മാറ്റിയോ എന്നതിലും എസ്ഐടി ഇന്ന് വ്യക്തത വരുത്തും. ഇതുസംബന്ധിച്ച് വിഎസ്എസ്സിയിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോർട്ട് എസ്ഐടി തയാറാക്കിയിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി നേരത്തെ തൃപ്തി അറിയിച്ചിരുന്നു. അതേസമയം എൻ. വാസു കേസിൽ സ്വാഭാവിക ജാമ്യം തേടി ഇന്ന് കോടതിയെ സമീപിച്ചേക്കും. റിമാൻഡിൽ തുടരുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിലും കോടതി ഇന്ന് വാദം കേൾക്കും.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസില്‍ ദേവസ്വം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന് വീണ്ടും ഫോട്ടോ കുരുക്ക്. കേസില്‍ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പുതിയ ചിത്രം പുറത്തുവന്നിരിക്കുകയാണ്.
കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ രണ്ടാമത് എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണിതെന്നാണ് വിവരം. ബിരുദത്തിന് റാങ്ക് ലഭിച്ച പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി സുരേന്ദ്രന് ഉപഹാരം നല്‍കുന്നതാണ് ചിത്രം.
അതേസമയം കടകംപള്ളി എന്താനാണ് എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കടകംപള്ളി എത്തിയപ്പോള്‍ പുളിമാത്തെ വീട്ടിലേയ്ക്ക് പോറ്റി മകളെ വിളിച്ചതാണെന്ന് അമ്മാവന് വെങ്കിടേശ്വരന് പോറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.
പോറ്റിയുടെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രൻ മറ്റൊരു ദിവസം എത്തിയതിന്റെ ചിത്രവും ആദ്യം പുറത്തുവന്നിരുന്നു. അന്ന് കടകംപള്ളി സുരേന്ദ്രനൊപ്പം ഒപ്പം റാന്നി മുന്‍ എംഎല്‍എയും നിലവിലെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും ഉണ്ടായിരുന്നു.
ഉണ്ണികൃഷ്ണന് പോറ്റിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കടകംപള്ളി സുരേന്ദ്രനും രാജു എബ്രഹാമും നില്‍ക്കുന്നതായിരുന്നു ഒരു ചിത്രം. ഉണ്ണികൃഷ്ണന് പോറ്റിയുടെ അച്ഛന് കടകംപള്ളി സുരേന്ദ്രന് സമ്മാനം നല്കുന്ന മറ്റൊരു ചിത്രവും പുറത്തുവന്നിരുന്നു.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഉന്നതതല ബന്ധങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ പേരെ അന്വേഷണസംഘം ചോദ്യം ചെയ്യും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കടകംപ്പളളി സുരേന്ദ്രന് ബന്ധമുളളതായി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി.സതീശൻ. മുൻനിലപാട് തിരുത്തിയാണ് സതീശന്റെ അഭിഭാഷകന്റെ പുതിയ വാദം.
സമൂഹത്തിൽ നിലനിൽക്കുന്ന സംശയം വാർത്താ സമ്മേളനത്തിൽ പ്രകടിപ്പിച്ചുവെന്നായിരുന്നു തിരുവനന്തപുരം സബ്കോടതിയിലെ പുതിയനിലപാട്. കടകംപ്പള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസിൽ എതിർവാദം പറയുമ്പോഴാണ് സതീശൻ പുതിയ നിലപാട് അറിയിച്ചത്.
സ്വർണക്കൊള്ളയിൽ ബന്ധമുണ്ടെങ്കിൽ രേഖകൾ കോടതിയിൽ സമർപ്പിക്കാൻ കടകംപ്പളളി വെല്ലുവിളിച്ചിരുന്നു. തിരുവിതാംകൂർ ഹിന്ദു റിലിജസ് ആക്ട് പ്രകാരം മന്ത്രിക്ക് ദേവസ്വം ബോർഡിൽ അധികാരമുണ്ടെന്നും സതീശൻ വാദിച്ചു.
10 ലക്ഷംരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കടകംപ്പള്ളി സുരേന്ദ്രൻ മാനനഷ്ടകേസ് നൽകിയിരിക്കുന്നത്. കേസിൽ തുടര്‍വാദം ഈ മാസം 27ന് നടക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കടകംപള്ളി സുരേന്ദ്രന് വ്യക്തമായ പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കടകംപള്ളിക്കുമേല് നടപടിയെടുക്കാതിരിക്കാന്‍ എസ്ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തുകയാണ്.
2019 ല്‍ പോറ്റി സ്വര്‍ണക്കൊള്ള നടത്തിയെന്നറിഞ്ഞിട്ട് 2025 ല്‍ വീണ്ടും സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിയെ വീണ്ടും ഏല്‍പ്പിച്ചത് ദേവസ്വം മന്ത്രിയും പ്രസിഡന്റും അറിഞ്ഞ് കൊണ്ടാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
പ്രതിപക്ഷം മാതൃകാപരമായാണ് സഭയില്‍ പ്രതിഷേധിച്ചത്. സഭയില്‍ എങ്ങനെ പെരുമാറണമെന്ന് മന്ത്രി വി. ശിവന്‍കുട്ടിയുടെ ക്ലാസ് തങ്ങള്‍ക്ക് വേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി എം.ബി. രാജേഷിനും വി. ശിവന്‍കുട്ടിക്കും സമനില തെറ്റിയോ എന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ.
ഒരു തവണ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയതെന്നും എന്നാൽ, സന്ദർശന വേളയിൽ അദ്ദേഹത്തിൽ നിന്ന് യാതൊരുവിധ സമ്മാനങ്ങളും താൻ കൈപ്പറ്റിയിട്ടില്ലെന്നുമാണ് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.
ഗൺമാനൊപ്പമാണ് ഒരിക്കല്‍ പോറ്റിയുടെ വീട്ടില്‍ പോയത്. ഒരു പരിപാടിക്ക് പങ്കെടുക്കാനാണ് പോയത്. കുട്ടിയുടെ പരിപാടി എന്ന് ബുധനാഴ്ച പറഞ്ഞത് പിശക് പറ്റിയതാണെന്നും പോറ്റിയുടെ അച്ഛന്റെ എന്തോ ചടങ്ങിലാണ് പോയതെന്നും കടകംപള്ളി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.
ദേവസ്വം മന്ത്രിക്ക് ശബരിമലയിലെ എല്ലാ കാര്യങ്ങളിലും ഇടപെടേണ്ട കാര്യമില്ല. അന്ന് പോറ്റി കളങ്കിതനാണെന്ന് ബോധ്യമില്ലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അനാവശ്യമായി ഒരു ബന്ധവുമില്ലെന്നും കടകംപള്ളി വിശദീകരിച്ചു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇത്തരം ആക്രമണങ്ങൾ പ്രതീക്ഷിച്ചതാണെന്നും ഇതുവരെ ഉയർന്നുവന്ന ആരോപണങ്ങൾക്കെല്ലാം വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും ഹൈക്കോടതി തന്നെ നിയോഗിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിലുമാണ് നടക്കുന്നത്. അന്വേഷണം ഏറ്റവും ശരിയായ രൂപത്തിൽ നടക്കുന്നു എന്നത് പൊതുസമൂഹം തന്നെ കാണുന്നുണ്ടെന്നും കടകംപള്ളി പറഞ്ഞു.
പ്രതിപക്ഷം ഇപ്പോൾ കാട്ടിക്കൂട്ടുന്നത് രാഷ്ട്രീയമായ കാഴ്ചപ്പാടോടുകൂടിയുള്ള പ്രവർത്തനങ്ങളാണ്. ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതിനായി തുടക്കം മുതൽ നടത്തുന്ന പരിശ്രമത്തിന്റെ ഭാഗമാണത്. അതിനെ അങ്ങനെ മാത്രം കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. കേസിൽ കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് പുറത്തിറങ്ങാൻ എസ്ഐടി അവസരം ഒരുക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്യാമെങ്കിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും മുരളീധരൻ ചോദിച്ചു. സ്വർണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കടകംപള്ളിയുടെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തി. കടകംപള്ളി സുരേന്ദ്രന്റെ കരിക്കകത്തെ വീട്ടിലേക്ക് ആയിരുന്നു പ്രതിഷേധം.
ശബരിമല സ്വർണ്ണക്കള്ളയിൽ പ്രതിഷേധിച്ച് മന്ത്രി വി.എൻ. വാസവന്റെ ഓഫീസിലേയ്ക്കും ബിജെപി മാർച്ച് നടത്തി. പ്രതിഷേധവുമായി എത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേടുകൾ തകർത്തു മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കവർച്ച കേസിനെ സംബന്ധിച്ച് തന്നെ ബന്ധപ്പെടുത്തി അപമാനകരമായ പ്രസ്താവന നടത്തുന്നതിന് സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൂർത്തിയായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മറുപടി വാദം 15നു നടക്കും.
സർക്കാരിനു കീഴിലുള്ള സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളായ ദേവസ്വം ബോർഡുകളുടെമേൽ സർക്കാരിന് അധികാരമില്ലെന്നു കടകംപള്ളി സുരേന്ദ്രൻ വാദിച്ചു.
ബോർഡിന്റെ ദൈനംദിന കാര്യങ്ങളിൽ സർക്കാരിനു നേരിട്ട് ഇടപെടാൻ കഴിയില്ല. വസ്തുത ഇതായിരിക്കെ മുൻ ദേവസ്വം ബോർഡ് മന്ത്രി ആയതു കൊണ്ടു താൻ സ്വർണം മോഷ്ടിച്ചു എന്ന് എങ്ങനെ പ്രതിപക്ഷ നേതാവിനു പറയാൻ കഴിയുമെന്നു കടകംപള്ളി ചോദിച്ചു. ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കടകംപള്ളി വാദിച്ചു കടകപള്ളിയുടെ വാദം പൂർത്തിയായി. തിരുവനന്തപുരം മൂന്നാം സബ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2016 മുതൽ 2021 വരെയാണ് കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രി ആയിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നിട്ടുള്ളത്. ഇതിൽ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കും ഉള്ളതു പോലുള്ള ഉത്തരവാദിത്വം മന്ത്രി എന്ന നിലയിൽ കടകംപള്ളിക്കും ഉണ്ടെന്നാണ് സതീശന്റെ വാദം. മാത്രമല്ല അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും കേസിൽ അറസ്റ്റിലായ പ്രതിയുമായ പത്മകുമാർ പറഞ്ഞത് ദേവസ്വം മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷ പരിഗണിച്ചതെന്നാണ്.
ഇതിൽ നിന്നെല്ലാം കടകംപള്ളിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തന്റെ പ്രസ്താവന. അല്ലാതെ കടകംപള്ളിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഒരു പ്രസ്താവനയും താൻ നടത്തിയിട്ടില്ലെന്നും ഉത്തമ ബോധ്യത്തിൽ നടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായും സതീശൻ മറുപടിയിൽ വ്യക്തമാക്കി.
മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ സതീശൻ മാപ്പ് പറയണമെന്നും സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നടത്തിയ പ്രസ്താവനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് കടകംപള്ളി സുരേന്ദ്രൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കഴിഞ്ഞ ദിവസം മൊഴിയെടുത്ത അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിദേശയാത്രകൾ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നു.
2016 മുതൽ 2021 വരെ കടകംപള്ളി സുരേന്ദ്രൻ മന്ത്രിയായിരുന്ന കാലയളവിൽ നടത്തിയ 13 വിദേശ സന്ദർശനങ്ങളുടെയും വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ഇതിൽ അഞ്ച് സ്വകാര്യ വിദേശ സന്ദർശനങ്ങളുമുണ്ടായിരുന്നതായാണ് വിവരം.
ഇതോടൊപ്പം ബംഗളൂരു, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രാ വിവരങ്ങളും ശേഖരിക്കും. ബംഗളൂരുവിലെ നക്ഷത്ര ഹോട്ടലിൽ സ്വർണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചിരുന്നതിന്റെ ചില വിവരങ്ങൾ എസ്ഐടിക്കു ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും മൊഴി എടുത്തപ്പോൾ ചോദിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
ഇതോടൊപ്പം ഇപ്പോൾ കസ്റ്റഡിയിൽ ലഭിച്ച ഉണ്ണിക്കൃഷ്ണൻ പോറ്റിയോടും കടകംപള്ളി സുരേന്ദ്രന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി ചോദ്യം ചെയ്യേണ്ടതുണ്ട്. കടകംപള്ളി സുരേന്ദ്രനെ വെള്ളപൂശാൻ സർക്കാർ, പ്രത്യേക അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം ആരോപണം ഉന്നയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഒരു കീറകടലാസ് പോലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ. വിഷയത്തിൽ മാധ്യമങ്ങൾക്കെതിരെയും കടകംപള്ളി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആയിരുന്നു കടകംപള്ളി സുരേന്ദ്രൻ വിഷയത്തിൽ പ്രതികരിച്ചത്. പകൽ വെളിച്ചത്തിലാണ് എസ്ഐടിയുടെ അടുത്തേക്ക് പോയതെന്നും ചോദ്യം ചെയ്യൽ കഴിഞ്ഞ് തന്റെ കാറിൽ ഓഫീസിലേക്ക് തിരികെ പോയെന്നും കടകംപള്ളി കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം;
അന്വേഷണ സംഘത്തിന് മുന്നിൽ ഞാൻ മൊഴി നൽകിയ വിവരം അറിയാൻ വൈകിയതിന്റെ പരിഭ്രമത്തിലാവണം ചില മാധ്യമങ്ങൾ സങ്കല്പകഥകൾ ചമയ്ക്കുന്നത്. ഇതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്, എന്നാൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നിർബന്ധമുള്ളതുകൊണ്ട് ചില കാര്യങ്ങൾ വ്യക്തമാക്കാം.
കഴിഞ്ഞ ശനിയാഴ്ചയാണ് ഞാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (SIT) മുന്നിൽ ഹാജരായത്. അത് ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലായിരുന്നില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് ചേർന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എന്റെ മൊഴി രേഖപ്പെടുത്തിയത്.
എം.എൽ.എ ബോർഡ് വെച്ച, ഞാൻ സ്ഥിരം ഉപയോഗിക്കുന്ന കറുത്ത ടൊയോട്ട യാരിസ് കാറിലാണ് ഞാൻ അവിടെ എത്തിയതും, മൊഴി നൽകിയ ശേഷം എന്റെ ഓഫീസിലേക്ക് മടങ്ങിപ്പോയതും. ഇതൊക്കെ പകൽവെളിച്ചത്തിൽ നടന്ന കാര്യങ്ങളാണ്.
ഒരു പ്രമുഖ ദിനപത്രം എഴുതിയിരിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയിന്മേൽ അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ എഴുതി ഒപ്പിട്ടു നൽകി എന്നാണ്. ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.
എല്ലാ മാധ്യമങ്ങളുടെയും കയ്യിൽ ഈ ഫയലുകളുടെ കോപ്പിയുമുണ്ട്. അത്തരത്തിൽ ഞാൻ കുറിപ്പെഴുതിയ ഒരു അപേക്ഷ ഉണ്ടെങ്കിൽ അത് പുറത്തുവിടാൻ നിങ്ങൾ ഹൃദയ വിശാലത കാണിക്കണം.മറ്റൊരു ആരോപണം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ മന്ത്രി നിർദ്ദേശിച്ചതായി സ്വർണ്ണപ്പാളി കൈമാറാൻ ഉത്തരവിട്ട ഫയലുകളിൽ പരാമർശമുണ്ട് എന്നാണ്.
അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ അതും നിങ്ങൾ പുറത്തുവിടൂ, ജനങ്ങൾ കാണട്ടെ. ഇനി മാധ്യമങ്ങളുടെ അടുത്ത 'കണ്ടെത്തൽ', ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ ഞാൻ മണ്ഡലത്തിൽ വീട് വെച്ചു കൊടുത്തു എന്നാണ്.
എന്റെ മണ്ഡലത്തിലെ വീടില്ലാത്ത ഒട്ടേറെ പേർക്ക് സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ വീടുകൾ നിർമിച്ചു നൽകാൻ എനിക്ക് കഴിഞ്ഞു എന്നത് യാഥാർത്ഥ്യം തന്നെയാണ്. എന്നാൽ അതിൽ ഒന്നുപോലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ നിർമ്മിച്ചതല്ല.
ഇനി മറിച്ച് അത്തരത്തിലൊരു വീട് നിങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ ആ വീടും അതിലെ ഗുണഭോക്താക്കളെയും ജനങ്ങളെ കാണിക്കാനുള്ള 'വലിയ മനസ്സെങ്കിലും' നിങ്ങൾ കാണിക്കണം.അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല.
Ps: സ്വർണ്ണപ്പാളി വിവാദത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കടകംപള്ളി സുരേന്ദ്രൻ
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വൻസ്രാവുകൾ വലയിൽ കുടുങ്ങുകതന്നെ ചെയ്യുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കടകംപള്ളിയെയും രണ്ടു ദേവസ്വം മുൻ അധ്യക്ഷന്മാരെയും ചോദ്യം ചെയ്തതുകൊണ്ടൊന്നും ഇത് അവസാനിക്കില്ല. ഇതിന്റെ കണ്ണികൾ വിദേശത്താണ്.
യഥാർഥ പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാതെ ഇതവസാനിക്കില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നാണു തങ്ങൾ ആദ്യംമുതൽ ആവശ്യപ്പെടുന്നത്.
കോടതി നിയോഗിച്ച എസ്ഐടിയുടെ അന്വേഷണം മുന്നോട്ടുപോകുന്നതിൽ പരാതിയില്ല. കോടതിക്ക് ഇടപെടാൻ കഴിയും എന്നതുകൊണ്ടാണ് എസ്ഐടിയിൽ ഞങ്ങൾ വിശ്വാസമർപ്പിക്കുന്നത്. രാജ്യാന്തരമാനങ്ങളുള്ള ഒരു കേസാണിത്. അതുകൊണ്ടാണ് സിബിഐ അന്വേഷിക്കണമെന്നു പറയുന്നത്.
സിപിഎം നേതാക്കൾ ഓരോരുത്തരായി ഘോഷയാത്രപോലെ ജയിലിലേക്കാണ്. എന്നിട്ടും അവർക്കെതിരേ നടപടിയെടുക്കാൻ കഴിയാത്ത പാർട്ടി സെക്രട്ടറിയോടു സഹതാപം തോന്നുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ. അന്വേഷണ സംഘത്തിനുമേൽ സർക്കാരിന്റെ ശക്തമായ നിയന്ത്രണവും ഇടപെടലും ഉണ്ടായിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും ചോദ്യം ചെയ്യാതിരിക്കാൻ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലുണ്ടായെന്ന് സണ്ണി ജോസഫ് ആരോപിച്ചു.
ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അന്വേഷണം ഇത്രപോലും മുന്നോട്ട് പോകില്ലായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ സ്വതന്ത്രവും നീതിപൂർവവുമായ പ്രവർത്തനത്തെ സിപിഎം ബോധപൂർവം തടസപ്പെടുത്തുന്നതായും എംഎൽഎ അഭിപ്രായപ്പെട്ടു.
ജയിലിൽ കഴിയുന്ന പ്രതികൾക്കെതിരെ ചെറിയ അച്ചടക്ക നടപടി സ്വീകരിക്കാൻ പോലും തയാറല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണമെന്നും കോടതിയുടെ കണ്ടെത്തലുകൾ മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും ബാധകമല്ലെന്ന നിലപാടാണെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് പരമരഹസ്യമായി സൂക്ഷിക്കാൻ അന്വേഷണ സംഘത്തിന് നിർദേശം നൽകിയത് ആരാണെന്നും സണ്ണി ജോസഫ് എംഎൽഎ ചോദിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ശബരിമല ഭക്തനെന്ന നിലയിലും സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിലും പരിചയപ്പെട്ടിട്ടുണ്ട്. സ്വർണം പൂശാനായി ബോർഡോ വ്യക്തികളോ അപേക്ഷ നൽകിയിട്ടില്ല.
സ്വർണം പൂശിയ കാര്യം ബോർഡ്, സർക്കാരിനെ അറിയിച്ചിട്ടില്ല. മന്ത്രിയെന്ന നിലയിൽ തനിക്ക് ഒരറിവും ഉണ്ടായിരുന്നില്ല. മുൻമന്ത്രിയെന്ന നിലയിൽ അറിയാവുന്നത് പറഞ്ഞു.- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കേസിൽകടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് മണിക്കൂര്‍ സമയം നീണ്ടുനിന്ന ചോദ്യം ചെയ്യൽ നടന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച എസ്ഐടി ഓഫിസിനു പുറത്തുവച്ചായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. എസ്.പി.ശശിധരന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ നീണ്ടു. മുൻമന്ത്രിയെന്ന നിലയിൽ അറിയാവുന്നത് പറഞ്ഞു എന്നാണ് ചോദ്യം ചെയ്യൽ സ്ഥിരീകരിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി മോഷണത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ തെളിവുണ്ടെങ്കിൽ കോടതിയിൽ രേഖകൾ ഹാജരാക്കട്ടെ എന്ന് കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയിൽ.
സ്വർണപ്പാളി വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ കാര്യങ്ങൾ കൃത്യമായി വ്യക്തമാക്കിയതാണ്. എന്നിട്ടും വീണ്ടും പത്രസമ്മേളങ്ങൾ വിളിച്ചു തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രതിപക്ഷ നേതാവ് നടത്തുന്ന പ്രസ്താവനകൾ ന്യായീകരിക്കാൻ കഴിയില്ലെന്നും അത്തരം രീതികൾ ഒരു രാഷ്ട്രീയ നേതാവിനു യോജിച്ചതല്ലെന്നും കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
പ്രതിപക്ഷ നേതാവിനെതിരേ കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസ് അവസാനിക്കുന്നതു വരെ സ്വർണപ്പാളി വിഷയത്തിൽ കടകംപള്ളിക്കെതിരേ മോഷണ പരാമർശം നടത്തുന്നതിനു സ്റ്റേ ആവശ്യപ്പെട്ട് കടകംപള്ളി സമർപ്പിച്ച ഇടക്കാല ഹർജിയുടെ വാദമാണ് കോടതി പരിഗണിക്കുന്നത്.
കടകപള്ളിയുടെ വാദം ക്രിസ്മസ് അവധിക്കു ശേഷം ജനുവരി അഞ്ചിന് വീണ്ടും തുടരും. തിരുവനന്തപുരം രണ്ടാം അസിസ്റ്റന്റ് സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. 2016 മുതൽ 2021 വരെയാണ് കടകംപള്ളി ദേവസ്വം മന്ത്രി ആയിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നിട്ടുള്ളത്.
ഇതിൽ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കും ഉള്ളതു പോലുള്ള ഉത്തരവാദിത്വം മന്ത്രി എന്ന നിലയിൽ കടകംപള്ളിക്കും ഉണ്ടെന്നാണ് സതീശന്റെ വാദം. കടകംപള്ളിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നും ഉത്തമബോധ്യത്തിൽ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും സതീശൻ മറുപടിയിൽ വ്യക്തമാക്കി.
സതീശൻ മാപ്പു പറയണമെന്നും സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പു വരുത്തണമെന്നും നടത്തിയ പ്രസ്താവനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് കടകംപള്ളി സുരേന്ദ്രൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രൻ. ചുണയുണ്ടെങ്കിൽ തന്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ സതീശൻ കോടതിയിൽ ഹാജരാക്കണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു.
നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരനാണെന്ന് വി.ഡി. സതീശൻ വീണ്ടും തെളിയിക്കുകയാണ്. വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചിട്ട് മാസങ്ങളായെന്നും ഇതുവരെ പുറത്തുവിടാത്ത തെളിവുകൾ ഇനിയെങ്കിലും പുറത്തുവിടാനും കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചു.
ശബരിമല സ്വർണക്കൊള്ള വിവാദം ഉയർന്നതിന് പിന്നാലെയാണ് മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ സതീശൻ ആരോപണങ്ങൾ ഉയർത്തിയത്. സ്വർണപ്പാളി പുറത്തുകൊണ്ടുവന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്നും സതീശൻ പറഞ്ഞിരുന്നു.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വി.ഡി. സതീശനെതിരെ ഞാൻ ഫയൽ ചെയ്തിരിക്കുന്ന മാനനഷ്ട ഹർജിയുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകുന്നത് ഇന്നലെ മനോരമ ന്യൂസ് ആണ്. അത് തെറ്റാണ് എന്നും കോടതിയിൽ എന്താണ് നടന്നത് എന്നുമുള്ള എന്റെ വക്കീലിന്റെ പ്രസ്താവന ഞാൻ ഫേസ്ബുക്കിൽ പങ്ക് വെക്കുകയും മീഡിയ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
അതിന് ശേഷം നടന്നിരിക്കുന്ന തോന്നിവാസം ആണ് നിങ്ങൾ കമന്റിൽ കാണുന്നത്. ഇത് എന്തൊരു തരം മാധ്യമ പ്രവർത്തനം ആണ്? എല്ലാ മീഡിയയിലും ഒരേ ടെംപ്ലേറ്റിൽ ഒരു വ്യാജ വാർത്ത വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അതിന്റെ സോഴ്സ് ഒന്നായിരിക്കും എന്ന്. ആ സോഴ്സ് ആരായിരിക്കും എന്നും നമുക്ക് ഊഹിക്കാമല്ലോ.
ഇനി സതീശനോടാണ്. സതീശാ, നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു. എങ്കിലും പറയുകയാണ്, രാഷ്ട്രീയം മാന്യമായി പ്രവർത്തിക്കാൻ ഉള്ളതാണ്. താൻ എന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ. ചുണയുണ്ടെങ്കിൽ താൻ തന്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്. കോടതിയും ജനങ്ങളും കാണട്ടെ..
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസിൽ കടകംപ്പള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ചു. തിരുവനന്തപുരം രണ്ടാം സെക്കൻഡ് അഡീഷണൽ സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ സതീശൻ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രനെതിരായ പരാമര്‍ശത്തിലാണ് മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ശബരിമലയിലെ ദ്വാരപാലക ശിൽപം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആര്‍ക്കാണ് വിറ്റതെന്ന് അന്ന് ദേവസ്വം മന്ത്രിയായ കടംകപള്ളിയോട് ചോദിച്ചാൽ അറിയാമെന്നുമായിരുന്നു സതീശൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞത്.
ഒക്ടോബർ എട്ടിന് വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നു സതീശൻ തർക്ക ഹര്‍ജിയിൽ പറയുന്നു. കടംകപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട ഹർജി തികച്ചും രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും തര്‍ക്ക ഹര്‍ജിയിൽ പറയുന്നു.
പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. പ്രതിപക്ഷ നേതാവ് ഇനി ഇത്തരത്തിൽ വാർത്താസമ്മേളനം നടത്താൻ പാടില്ല എന്നീ ആവശ്യങ്ങളാണ് കടകംപ്പള്ളി സുരേന്ദ്രന്റെ മാനനഷ്ട ഹർജിയിൽ പറയുന്നത്.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണം പുറത്തേക്കു കൊണ്ടു പോയത് കടകംപള്ളി സുരേന്ദ്രന് അറിയാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചതും കടകംപള്ളി സുരേന്ദ്രനാണ്. അദ്ദേഹത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടായിരുന്നു എന്നതിനുള്ള തെളിവ് തങ്ങൾ ഹാജരാക്കാം.
എല്ലാവരുടെയും പേരുകൾ പുറത്ത് വരും. അതുകൊണ്ടാണ് ശബരിമലയിലെ കവർച്ചക്കാരെ സംരക്ഷിക്കുന്ന നിലപാട് സിപിഎം സ്വീകരിച്ചത്. അതിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെക്കൊണ്ട് ജനങ്ങൾ പറയിക്കും.
സ്വർണക്കൊള്ള രാഷ്ട്രീയമായി എടുത്ത തീരുമാനമാണ്. ആദ്യ കളവ് ആരും അറിഞ്ഞില്ലെന്ന് കണ്ടാണ് രണ്ടാമതും കക്കാനാണ് ദ്വാരപാലക ശിൽപം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത്. ആദ്യം മോഷണം നടത്തിയെന്ന് പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും ജനങ്ങൾക്കും അറിയില്ലായിരുന്നെങ്കിലും കട്ടവർക്ക് അറിയാമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
Kerala
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റ് തുടങ്ങിയിട്ടേയുള്ളുവെന്നും കടകംപള്ളി സുരേന്ദ്രന് ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ജയിലില്‍ പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ശബരിമല അയ്യപ്പന്റെ സ്വര്‍ണം അപഹരിച്ചതില് സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനും പിണറായി സര്‍ക്കാരിനുമുള്ള വ്യക്തമായ പങ്ക് തിരിച്ചറിഞ്ഞ ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരേ വിധി പറയും. സ്വര്‍ണക്കൊള്ളയില്‍ മുഖ്യപങ്കുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ്.
പത്മകുമാറിനെയും വാസുവിനെയും ചോദ്യം ചെയ്തപ്പോള്‍ കടകംപള്ളിക്കും പങ്കുള്ളതായി മൊഴി കൊടുത്തിട്ടുണ്ട്. കടകംപള്ളിയും ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തിന് ഒട്ടേറെ തെളിവുകളുണ്ട്. അതിനാല്‍ സിപിഎം നേതാക്കളുടെ ജയിലേക്കുള്ള ഘോഷയാത്രയ്ക്ക് ഇനിയും കേരളം സാക്ഷ്യം വഹിക്കുമെന്ന് സതീശന് കോട്ടയം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദി പ്രസില്‍ പറഞ്ഞു.
കൊള്ളക്കാരുടെയും കൊടും ക്രിമിനലുകളുടെയും പാര്‍ട്ടിയായി സിപിഎം മാറി. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പോലീസിനെ ആക്രമിച്ച കേസില്‍ 20 വര്‍ഷത്തെ തടവിന് വിധിച്ച ക്രിമിനലിനെയും വെള്ളപൂശി സിപിഎം തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നു. പിണറായി ഭരണത്തെ വെറുത്തുമടുത്ത ജനങ്ങളുടെ വിധി യുഡിഎഫിന് അനുകൂലമാകും.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബിജെപി പിണറായി സര്‍ക്കാരിനെതിരേ പ്രതികരിക്കാത്തത് അവന് തമ്മിലുള്ള രഹസ്യ ധാരണകൊണ്ടാണ്. വടക്കേ ഇന്ത്യയില്‍ മിഷനറിമാരെ ആക്രമിക്കുകയും പള്ളികള്‍ തകര്‍ക്കുകയും ആരാധന തടസപ്പെടുത്തുകയും ചെയ്യുന്ന ബിജെപി കേരളത്തില്‍ ക്രൈസ്തവപ്രീണനം നടത്തുന്നത് ഇരട്ടത്താപ്പാണ്.
ആട്ടിന്‍തോലണിഞ്ഞ ബിജെപിയുടെ വര്‍ഗീയ അജന്‍ഡ കേരളത്തിലെ ക്രൈസ്തവര്‍ മനസിലാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കിട്ടാമായിരുന്ന വോട്ടകൂടി ഇല്ലാതാകാന്‍ പിണറായി ഭരണം ഇടയാക്കുമെന്നും റബര്‍, നെല്ല് വിലയിടിവില്‍ കര്‍ഷകരുടെ തിരിച്ചടി ഉറപ്പാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: മന്ത്രിമാർ അറിയാതെ ശബരിമല സ്വർണ്ണക്കൊള്ള നടക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും ഇപ്പോഴത്തെ ദേവസ്വം മന്ത്രി മന്ത്രി വി.എൻ.വാസവനിലേക്കും അന്വേഷണം എത്തുമെന്നും മുരളീധരൻ പറഞ്ഞു.
ഹൈക്കോടതി നിരീക്ഷണം ഉള്ളതിനാലാണ് അന്വേഷണം ഇത്രയൊക്കെ എത്തിയത്. ഇല്ലെങ്കിൽ നേരത്തെ അന്വേഷണം ആവിയായി പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസെന്നും ഭക്തർക്ക് ഒപ്പമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ദേവസ്വം ബോർഡ് മുൻപ്രസിഡന്റെ എ. പത്മകുമാർ പലതും വിളിച്ച് പറയുമെന്ന് പലരും ഭയപ്പെടുന്നു. അതിനാലാണ് പത്മകുമാറിന്റെ കാര്യത്തിൽ പാർട്ടി നിലപാട് എടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി എ. പത്മകുമാറിന്റെ പാസ്പോര്‍ട്ട് എസ്ഐടി പിടിച്ചെടുത്തു. വീട്ടില്‍ നടന്ന റെയ്ഡിലാണ് പാസ്പോര്‍ട്ട് പിടിച്ചെടുത്തത്. പത്മകുമാറിന്റെയും ഭാര്യയുടെയും ആസ്തികൾ സംബന്ധിച്ച് പരിശോധന നടത്തുകയാണ്.നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തി സാക്ഷിയാക്കുന്നതും എസ്ഐടി ആലോചിക്കുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളും സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണെന്നും ബോർഡ് തീരുമാനങ്ങൾ സർക്കാരിന്റെ അറിവോടെയല്ലെന്നും മുൻദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ അറസ്റ്റിൽ പ്രതികരിക്കുകയായിരുന്നു കടകംപള്ളി. ദേവസ്വംബോർഡിന്റെ പ്രവർത്തനത്തിന് മന്ത്രിതലത്തിൽ ഫയൽ അയയ്ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ ഭരണസമയത്ത് വന്നിട്ടില്ല. ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ ബോർഡിന്റേത് മാത്രമാണെന്നും, ഇളക്കാൻ പറയാനും പൂശാൻ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
പ്രതിപക്ഷം ഒരുപാട് അന്യായങ്ങൾ വിളിച്ചു പറയുന്നുണ്ട്. കുറ്റമറ്റ അന്വേഷണ സംവിധാനമാണ് നടക്കുന്നത്. സർക്കാരിന്റെ കൈകൾ ശുദ്ധമാണെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമലയിൽ 2019ൽ ക്രമക്കേട് നടന്നു എന്നത് വാസ്തവമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുറ്റവാളികൾക്ക് കനത്ത ശിക്ഷ തന്നെ ലഭിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി വേദി പങ്കിട്ടത് നിഷേധിക്കുന്നില്ലെന്നും പോറ്റി മോശക്കാരനാണെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തനിക്കെതിരായ പരാമർശത്തിൽ വി.ഡി. സതീശനെതിരെ കോടതി സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സതീശൻ മാപ്പുപറഞ്ഞേ മതിയാകൂ. പൊതുസമൂഹത്തിന് യാതൊരുവിധത്തിലുള്ള തെറ്റിദ്ധാരണയുമില്ല. എല്ലില്ലാത്ത നാവുംകൊണ്ട് എന്തുംപറുന്ന ആളായി സതീശൻ മാറിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് ഇപ്പോഴും യുഡിഎഫ് ഭരണത്തിന്റെ ഹാങ്ഓവറിലാണ്. യുഡിഎഫ് മന്ത്രിമാർ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ആളുകൾ എന്ന വിചാരം വച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
മന്ത്രിയായിരുന്ന സമയത്ത് താൻ നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ ക്ഷണത്തോടെയാണ് പങ്കെടുത്തത്. ക്ഷേത്ര ഭരണസമിതികളിൽ നടക്കുന്ന കാര്യങ്ങളിൽ ഇടപെടാൻ ദേവസ്വം വകുപ്പിന് അധികാരമില്ലെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലകശില്‍പ്പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് അറിയാമെന്ന പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവിന് വക്കീൽ നോട്ടീസ് അയച്ച് കടകംപള്ളി സുരേന്ദ്രന്.
പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
ശബരമലയിലെ ദ്വാരപാലക ശില്പം ഒരു കോടീശ്വരന് വിറ്റുവെന്നും കടകംപള്ളിയോട് ചോദിച്ചാല്‍ ആര്‍ക്കാണ് വിറ്റത് എന്നറിയാമെന്നുമായിരുന്നു സതീശന് ആരോപിച്ചത്.
അതേസമയം മാനനഷ്ടക്കേസ് നേരിടുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. സ്വർണപ്പാളി വിറ്റെന്ന് പറഞ്ഞത് ഹൈക്കോടതിയാണ്. ഉത്തരവാദി അന്നത്തെ ദേവസ്വം മന്ത്രി തന്നെയാണെന്നും സതീശൻ പറഞ്ഞു.